സന്ദീപിന്റെ വരവ് ബി.ജെ.പിക്ക് ഗുണം, സന്ദീപിന്റെ കൂടെ ഒരാളെങ്കിലും കോൺഗ്രസിലേക്ക് വന്നിട്ടുണ്ടോ; സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശത്തിനെതിരേ തുറന്നടിച്ച്, വി.എസ്.വിജയരാഘവൻ
സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശത്തിനെതിരേ തുറന്നടിച്ച് പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എസ്.വിജയരാഘവൻ. സന്ദീപിന്റെ വരവ് ബി.ജെ.പിക്ക് ഗുണമായെന്നും അദ്ദേഹത്തെ സ്വീകരിച്ചത് അനവസരത്തിലാണെന്നും വിജയരാഘവൻ പറഞ്ഞു. ഞാൻ 25 വർഷം ഡി.സി.സി പ്രസിഡന്റും 15 വർഷം എം.പിയുമായിരുന്നു. സന്ദീപ് കോൺഗ്രസിലേക്ക് വരുന്നൂവെന്ന് ടെലിവിഷനിൽ കണ്ടതല്ലാതെ ഇതേകുറിച്ച് എന്നോട് ആരും ഇതുവരെയും അഭിപ്രായം ചോദിച്ചിട്ടില്ല. സന്ദീപിന്റെ കൂടെ ഒരാളെങ്കിലും കോൺഗ്രസിലേക്ക് വന്നിട്ടുണ്ടോ? പിന്നെ എന്താണ് കാര്യം , വിജയ രാഘവൻ ചോദിക്കുന്നു.
23-ാം തീയതിക്ക് ശേഷം അദ്ദേഹത്തെ കൊണ്ടുവന്നാൽ മതിയായിരുന്നു. സന്ദീപിന്റെ വരവോടെ, ചെറിയ അഭിപ്രായ വ്യാത്യാസങ്ങളും സൗന്ദര്യപിണക്കങ്ങളും മാറ്റി ബി.ജെ.പി യോജിച്ചെന്നാണ് മനസിലാക്കുന്നത്.ആവശ്യമില്ലാത്തൊരു തിരഞ്ഞെടുപ്പ് ഉണ്ടായെന്ന തോന്നൽ ജനങ്ങൾക്കിടയിലുണ്ടെന്നും ഇത് പാലക്കാട്ട് പോളിങ് കുറയാനുള്ള കാരണങ്ങളിൽ ഒന്നാണെന്നും പറഞ്ഞ വിജയരാഘവൻ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്നു൦ പറയുന്നു.