വോട്ടെടുപ്പ് ബൂത്തിൽ വിവി പാറ്റിൽ സാങ്കേതിക പ്രശ്നം; സരിന്‍ വോട്ട് ചെയ്യാതെ മടങ്ങിപ്പോയി
പാലക്കാട് വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറിൽ 88ാം നമ്പർ ബൂത്തിൽ വിവി പാറ്റിൽ സാങ്കേതിക പ്രശ്നം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍ വോട്ട് ചെയ്യാനെത്തിയ ബൂത്തിലാണ് സാങ്കേതിക പ്രശ്നമുണ്ടായത്. സരിന്‍ വോട്ട് ചെയ്യാതെ മടങ്ങിപ്പോകുകയാണുണ്ടായത്. വിവി പാറ്റ് ഡിസ്പ്ലേയിലെ സാങ്കേതിക പ്രശ്നം പരിഹരിച്ചതിനെ തുടർന്ന് വോട്ടെടുപ്പ് ആരംഭിച്ചു. ഇതോടെ 184 ബൂത്തുകളിലും പോളിംഗ് ആരംഭിച്ചിരിക്കുകയാണ്. രാവിലെ 7 മണിക്ക് തന്നെ പോളിംഗ് ആരംഭിച്ചിരുന്നു.
ബൂത്തുകളിലെല്ലാം നീണ്ട നിരയാണ് കാണപ്പെട്ടത്. രാവിലെ 6 മണി മുതല്‍ ബൂത്തുകളില്‍ ആളുകള്‍ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു, അതേസമയം മോക് പോളിങിനുശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് രൂപപ്പെട്ടു. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്.