പുരുഷ ടൈലര്‍മാരും ബാര്‍ബര്‍മാരും വേണ്ട, യുപിയിൽ പുതിയ നിർദേശങ്ങളുമായി വനിതാ കമ്മീഷന്‍
ഉത്തർപ്രദേശിൽ സ്ത്രീകളുടെ വസ്ത്രത്തിന് അളവെടുക്കാൻ പുരുഷന്മാർക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി വനിതാ കമ്മീഷൻ. സ്‌കൂള്‍ ബസുകളില്‍ വനിതാ സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്നും. ജിം, യോഗ കേന്ദ്രങ്ങളിൽ പുരുഷ ട്രെയിനർമാർ സ്ത്രീകൾക്ക് പരിശീലനം നൽകേണ്ടതില്ലെന്നാണ് തീരുമാനം. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഒക്ടോബര്‍ 28ന് നടന്ന ഉത്തര്‍പ്രദേശ് വനിത കമ്മീഷന്റെ യോഗത്തിന് ശേഷം സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിക്കാനായി നല്‍കിയ നിര്‍ദേശങ്ങളാണിവ. ചർച്ചകൾ ആദ്യ പടി മാത്രമാണെന്നും ഇവ നടപ്പിലാക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കേണ്ടതുണ്ടെന്നും കമ്മീഷൻ അംഗം പറഞ്ഞു. സ്ത്രീകൾ വസ്ത്രം തയ്ക്കാനെത്തുന്ന സ്ഥലങ്ങളിൽ അളവെടുക്കുന്നതിന് വനിതകളെ നിയോഗിക്കണം. ഒപ്പം ഈ ഭാഗങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും യോഗത്തിൽ നിർദ്ദേശം ഉയർന്നിരുന്നു. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ബബിത ചൗഹാനാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ ഇതിനെ പിന്തുണച്ചതായും പറഞ്ഞു.