1 മില്യൺ ഫോളോവേഴ്സുമായി ബിജെപി കേരളം; സിപിഎമ്മിനെയും കോൺഗ്രസിനെയും പിന്നിലാക്കി ബിജെപി
ഫെയ്‌സ്ബുക്കില്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കി ബിജെപി കേരളം സോഷ്യൽ മീഡിയയിൽ കരുത്ത് തെളിയിച്ചു. 2012 ൽ തന്നെ ആരംഭിച്ച സിപിഎമ്മിന്റെ ഔദ്യോഗിക പേജിന് 7 ലക്ഷം ഫോളോവേഴ്സും 2013 ൽ ആരംഭിച്ച കോൺഗ്രസിന്റെ ഫേസ്ബുക്ക് പേജിന് വെറും 3 ലക്ഷം ഫോളോവേഴ്സും മാത്രമാണ് ഉള്ളത്. 2012 നവംബർ 5-നാണ് ബിജെപി കേരളം എന്ന ഫേസ്ബുക്ക് പേജ് ഔദ്യോഗികമായി ആരംഭിക്കുന്നത്. കേരളത്തിൽ ബിജെപിയുടെ മുന്നേറ്റവും ജനങ്ങൾക്കിടയിൽ വർദ്ധിക്കുന്ന സ്വാധീനവും ഒറ്റനോട്ടത്തിൽ ഫേസ്ബുക്ക് പേജിലൂടെ തന്നെ മനസ്സിലാകും.
നേട്ടത്തിന് പിന്നാലെ ബിജെപി സോഷ്യൽ മീഡിയ ടീമിനെ പ്രശംസിച്ച് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തുവന്നു. “ബിജെപി കേരളം ഫേസ്ബുക്ക് പേജിന് ഒരു മില്ല്യൻ ഫോളോവേഴ്സ്. കേരളത്തിൽ ഒരു രാഷ്‌ട്രീയ പാർട്ടിയുടേയും ഒഫീഷ്യൽ പേജിന് ഈ നേട്ടം കൈവരിക്കാനായിട്ടില്ല. അഭിനന്ദനങ്ങൾ കേരളാ സോഷ്യൽ മീഡിയ ടീം” സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. മോദി തരംഗവും പാര്‍ട്ടിയുടെ വിജയകരമായ ക്രിസ്ത്യന്‍ ജനസമ്പര്‍ക്കപരിപാടിയുമായണ് സാമൂഹിക മാധ്യമത്തില്‍ ബിജെപിയെ കുടുതല്‍ പേര്‍ പിന്തുടരാന്‍ കാരണമായതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.