മഹാരാഷ്‌ട്രയിലും ജാർഖണ്ഡിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി തൂത്തുവാരും; ജെ. പി നദ്ദ
ഹരിയാനയ്‌ക്ക് പിന്നാലെ മഹാരാഷ്‌ട്രയിലും ജാർഖണ്ഡിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി തൂത്തുവാരുമെന്ന് പാർട്ടി അധ്യക്ഷൻ ജെ. പി നദ്ദ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ പ്രകടനത്തിൽ ജനങ്ങൾ സന്തുഷ്ടരാണ്. ഈ വിജയത്തിന്റെ പൂർണ്ണ ക്രെഡിറ്റ് ജനങ്ങൾക്കും ദൈവത്തിനും സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചതിന് ശേഷം ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താൻ എത്തിയതായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയില്‍ ഹരിയാന മോഡലില്‍ വിജയം നേടാന്‍ ബിജെപി ഒരുങ്ങിക്കഴിഞ്ഞു . ശിവസേന-ബിജെപി-എന്‍സിപി സഖ്യം സംസ്ഥാനത്ത് വിജയം ഉറപ്പിച്ച് കഴിഞ്ഞു. നിര്‍ണായക പ്രഖ്യാപനങ്ങളും ഇതിന്റെ ഭാഗമായി വന്നിരിക്കുകയാണ്. അതേസമയം ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താനും കോൺഗ്രസിന്റെ തിരിച്ചുവരവ് തടയാനും ഭരണകക്ഷിയായ ബിജെപിക്ക് ഹാട്രിക് വിജയത്തോടെ സാധിച്ചു. കൂടാതെ ജമ്മു കശ്മീരിൽ 90ൽ 29 സീറ്റും നേടിയാണ് ബിജെപി ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അപ്രതീക്ഷിത ഫലത്തിനും അപൂർവതയ്ക്കുമാണ് രാജ്യം സാക്ഷ്യം വഹിച്ചത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂർ ഹരിയാനയില്‍ കോണ്‍ഗ്രസ് തരംഗം ആഞ്ഞടിക്കുകയാണെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. 90 നിയമസഭാ മണ്ഡലങ്ങളില്‍ 72ലും മുന്നേറ്റം കാഴ്ചവെക്കാൻ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. എന്നാല്‍ വൈകാതെ തന്നെ ചിത്രം മാറിമറിഞ്ഞു. സാവധാനം ഓരോ മണ്ഡലത്തിലും ബിജെപി ലീഡ് തിരിച്ചുപിടിച്ചു, വൈകാതെ കേവല ഭൂരിപക്ഷവും കടന്നു.