ഉപതെരഞ്ഞെടുപ്പ്: വയനാട്ടിൽ പ്രചാരണത്തിന് തുടക്കമിട്ട് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. നൂറ് കണക്കിന് ബിജെപി പ്രവർത്തകർ നവ്യയെ സ്വീകരിക്കാനെത്തി. ലക്കിടിയിലുള്ള കരിന്തണ്ടൻ സ്മാരകത്തിൽ പുഷ്പാർച്ചന ചെയ്ത ശേഷം കൽപ്പറ്റ പുതിയ ബസ്റ്റാൻഡിൽ നിന്നാണ് നവ്യ റോഡ് ഷോ ആരംഭിച്ചത്. തുറന്ന ജീപ്പിൽ ജനങ്ങൾക്കിടയിലേക്കെത്തിയ നവ്യ ഹരിദാസിനെ പുഷ്പഹാരം അണിയിച്ചും പൂച്ചെണ്ടുകൾ നൽകിയും പ്രവർത്തകർ ഗംഭീര വരവേൽപ്പ് നൽകി. നവംബർ 13നാണ് കേളത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വയനാടിന് പുറമെ പാലക്കാട് ചേലക്കര നിയോജക മണ്ഡലത്തിലും തെരഞ്ഞെടുപ്പ് നടക്കും.
വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ വിജയ പ്രതീക്ഷയാണുള്ളതെന്ന് നവ്യ ഹരിദാസ് പറഞ്ഞു. ജനങ്ങളുടെ ഭാഗത്ത് നിന്നും മികച്ച സ്വീകരണമാണ് ലഭിക്കുന്നതെന്നും അവരുടെ ഉത്സാഹവും ഊർജ്ജവും കൂടുതൽ ആത്മവിശ്വാസം നൽകുന്നുവെന്നും നവ്യ പറഞ്ഞു.