വിവാദപ്രസംഗത്തിന് പരസ്യമായ ഖേദപ്രകടനം നടത്താൻ അലഹബാദ് ഹൈ കോടതി ജഡ്ജി ശേഖർകുമാർ യാദവിനോട് സുപ്രീം കോടതി കൊളീജീയം
വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് നടത്തിയ വിവാദപ്രസംഗത്തിന് പരസ്യമായ ഖേദപ്രകടനം നടത്താന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനോട് സുപ്രീംകോടതി കൊളീജീയം ആവശ്യപ്പെട്ടു. ഈ വിവാദം എന്നേക്കുമായി അവസാനിപ്പിക്കാന്‍ ഒരു പരസ്യ ഖേദപ്രകടനം ആവശ്യമാണെന്ന് കൊളീജിയം ശേഖര്‍ കുമാര്‍ യാദവിനോട് പറഞ്ഞു എന്നാണ് സൂചനകൾ. വിവാദ പരാമര്‍ശങ്ങളെ സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ശേഖര്‍ കുമാര്‍ യാദവ് തിങ്കളാഴ്ച സുപ്രീം കോടതി കൊളീജിയത്തിന് മുമ്പാകെ ഹാജരായിരുന്നു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അദ്ധ്യക്ഷതയുടെ അഞ്ചംഗ കൊളീജീയത്തിന് മുമ്പാകെയാണ് ജസ്റ്റിസ് യാദവ് ഹാജരായത്. തന്റെ പ്രസംഗത്തിലെ ചില അടര്‍ത്തിയെടുത്താണ് മാധ്യമങ്ങള്‍ വിവാദമാക്കുകയായിരുന്നുവെന്നാണ് ശേഖര്‍ കുമാര്‍ യാദവ് കൊളിജീയത്തിന് മുമ്പാകെ വിശദീകരിച്ചത്. എന്നാല്‍ ഈ വിശദീകരണത്തില്‍ കൊളീജിയം തൃപ്തരായിരുന്നില്ല.ഡിസംബര്‍ എട്ടിന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് ഏക സിവില്‍ കോഡിനെക്കുറിച്ചു വിവാദപ്രസംഗം നടത്തിയത്. രാജ്യത്ത് ഭൂരിപക്ഷത്തിന്റെ അഥവാ ഹിന്ദുക്കളുടെ താത്പര്യ പ്രകാരം മാത്രമേ കാര്യങ്ങള്‍ നടപ്പിലാക്കുകയുള്ളൂ എന്ന് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞത്.